സഹയാത്രികര്‍ [followers]

Friday, September 17, 2010

ശിവ ഗംഗ ...........

Bookmark and Share
ശിവ ഗംഗ ......തീവ്രമായ മഴ പലതും ഓര്‍മിപ്പിക്കുന്നു
 1
പലപ്പോഴും ഓര്‍മ്മകള്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തെ പോലെയാണ് ,വേലിയേറ്റവും ഇറക്കവും ഉണ്ടാകാം ,സമുദ്രം ശാന്തമല്ല ,മനുഷ്യ മനസ്സിന്റെ അപാരമായ നിഗൂഡതകള്‍ പോലെ അവയും പലതും മറച്ചു പിടിക്കുന്നു.പലതും പറഞ്ഞു കാടു കയറണ്ടാ,പിറകിലേയ്ക്ക് ശര വേഗത്തില്‍ പായുന്ന മരങ്ങളെയും അല്പാല്പമായി കാഴ്ചയെ മറച്ചു മാഞ്ഞു പോകുന്ന പര്‍വ്വതങ്ങളെയും മൊട്ട കുന്നുകളെയും നോക്കി തീവണ്ടിയുടെ ജനലരികില്‍ ഇരുന്ന ചില നിമിഷങ്ങളില്‍ മനസ്സ് കെട്ടഴിഞ്ഞ ഒരു യാഗാശ്വമായി പായാന്‍ തുടങ്ങി.പല യാത്രകളും അവളുടെ കണ്ണുകളിലെ കൌതുകത്തിന്റെ അര്‍ഥം തേടിയായിരുന്നു ,മേഞ്ഞു നടക്കുന്ന മനസ്സിന്റെ സമകാലീന ഓര്‍മകളില്‍ പലതിലും അവളുണ്ടാകും ,അവ അവളെ പോലെ ക്ഷണ നേരത്തില്‍ മായുകയും ചെയ്യും ,ഒടുവില്‍ എല്ലാം തീരുമാനിച്ചയിരുന്നു യാത്ര.എല്ലാം തുറന്നു പറയണം ''അത്മാവിലാളുന്നോരഗ്നിയാണോമനേ
അനുരാഗം'' എന്ന് ആരോ പാടിയിട്ടുണ്ടല്ലോ ,നെഞ്ച് ഇടിക്കുന്നത് പടക്കം പൊട്ടുന്നത് പോലെയാണ് ആ നേരങ്ങളില്‍ ,സഹായത്തിനു ചില കൂട്ടുകാരും ,പശ്ചാത്തലത്തില്‍ ലാലേട്ടന്‍ അഭിനയിച്ച ''അഗ്നിദേവന്‍ '' സിനിമയിലെ 'നിലാവിന്‍റെ നീല ഭസ്മ കുറി അണിഞ്ഞവളെ' എന്ന ഗാനം ,വളരെ വിശദമായ തയ്യാറെടുപ്പുകള്‍ യുദ്ധ തന്ത്ര ഒരുക്കും പോലെയുള്ള മുന്നൊരുക്കങ്ങള്‍ ,എല്ലാം പിഴച്ചു ,വിധി ജനിച്ച മണ്ണില്‍ പ്രതി നായക വേഷം പൂണ്ടു കാത്തിരുന്നത് ആട്ട കലാശമാടുന്ന കത്തി വേഷത്തില്‍ ,വിധി അങ്ങനെയാണ് കഥകളിയും കുച്ചിപുടിയും ഭരത നാട്യവും കളിക്കും

2
വിനോദ് ഗാംഗുലി,അരണ്ട വെളിച്ചത്തില്‍ അയാള്‍ പുഴ കടന്നു മരങ്ങള്‍ക്കിടയിലൂടെ നടന്നടുക്കുകയായിരുന്നു, രാവിന്റെ കനത്ത ഏകാന്തതകളില്‍, നഷ്ട പ്രണയം,മേലങ്കിയായി അണിയിച്ച നിരാശ ബാധിച്ച മനസ്സ് ,ലഹരി തേടി ചൂട് ചാരായം മണക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ശരീരത്തെ മുന്നോട്ടു നയിച്ച കാലം ,ഒരു പൂര്‍വ കാല സുഹൃത്തിനെ കണ്ട സന്തോഷമായിരുന്നില്ല മനസ്സില്‍ ,അസ്വസ്ഥത,ഭ്രാന്തമായ അസ്വസ്ഥത ,ചീറിയടിക്കുന്ന കാറ്റില്‍ ശ്വസിച്ചത് കരിമ്പിന്‍ പൂക്കളുടെ മണമല്ല,ആരുടെയോ ശവത്തിന്റെ തലയ്ക്കല്‍ പുകയുന്ന കുന്തിരിക്കത്തിന്റെ ഗന്ധം.വിനോദ് ഗാംഗുലിയെ നിങ്ങള്‍ അറിയില്ല എനിക്ക് നന്നായി അറിയാമെങ്കിലും.എട്ടു കണ്ടത്തിലെ ചെളിയില്‍ ഐ പി എല്‍ കളിക്കുന്ന പീക്കിരി പിള്ളേര്‍ ഒരു ദശകത്തിനു മുന്‍പ് മെലിഞ്ഞു നീണ്ട ഒരു പതിനെട്ടു കാരന് ചാര്‍ത്തി കൊടുത്ത പേരാണ് ഗാംഗുലി,ഒരു പക്ഷെ എന്‍റെ അസൂയ ആയിരിക്കും ഇതെന്നെ കൊണ്ട് പറയിച്ചത് ,പക്ഷെ പഴയതെല്ലാം വെറും ഓര്‍മ്മ ,ഇന്നയാള്‍ അകെ മാറിയിരിക്കുന്നു,കാണാന്‍ പാടില്ലാത്ത പല സാഹചര്യങ്ങളിലും ഞാനയാളെ കണ്ടിട്ടുണ്ട് ,നല്ല മഴക്കാരുള്ള മാനം,മിന്നല്‍ പിണറുകള്‍ ഇടയ്ക്കിടെ നടുക്കുന്നുണ്ട്,അയാള്‍ എന്തിനു വന്നുവെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടക്കുകയാണ് ,മനസ്സില്‍ ഒരു പ്രതീക്ഷയുടെ പുല്‍നാമ്പ് വിരിഞ്ഞിരിക്കുന്നു ,ഇല്ല വിധി എല്ലാം കവര്ന്നെടുക്കില്ല എന്നില്‍ നിന്നും ,നഷ്ട മുദ്രയുടെ തിരു ശേഷിപ്പുകള്‍ വീണ്ടും മനസിലേയ്ക്ക് ശാന്തി മന്ത്ര ജപ വിന്യാസത്തോടെ ആവാഹിക്കപ്പെടുകയാണ് ,ഒരു കറുത്ത കാട്ടു പട്ടി മുരള്‍ച്ചയോടെ എനിക്ക് വഴി കാട്ടിയെന്നവണ്ണം മുന്നില്‍ നടക്കുന്നു ,അവന്റെ പിറകെ നടന്നാല്‍ ഈറക്കടവ് കടക്കാം,അവിടെ നിന്നും കടപുഴകിയ മഹാഗണി കടന്നു വീണ്ടും ഞാന്‍ തനിയെ വീട്ടിലേക്ക്


3

തീവ്രമായ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു, അവള്‍ക്കു വേണമെങ്കില്‍ ,എന്നെ, ഇഷ്ടമല്ല എന്ന് പറയാം പക്ഷെ ഞാനവളെ സ്നേഹിക്കരുതെന്നു പറയാന്‍ ആവില്ലല്ലോ,ആദ്യ താരത്തിന്റെ പേര് ആണ് അവള്‍ക്ക്,''ആദ്യ താരമായ് ആദ്യാനുരാഗമായ്''അവള്‍,ഒരു വാര്‍ഷികാഘോഷ വേദിയില്‍ അവള്‍ കവിത പാടുന്നത് കേട്ടു,''ശാലിനി'' പ്രണയിനിയുടെ സ്വയം സമര്‍പ്പണത്തിന്റെയും രാഗ ഹര്ഷങ്ങളുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട കവിത,ഒടുവില്‍ പ്രണയാഭ്യര്‍ത്ഥന അവള്‍ നിരസിച്ചപ്പോള്‍ അല്ലെങ്കില്‍ അങ്ങനെ നിരസിച്ചു എന്ന് തോന്നുന്ന ഈ അവസരത്തിലും മനസ്സില്‍ വരുന്നത് ഒരു കവിതയാണ് ,കവി ഉദ്ദേശിച്ച സന്ദര്ഭമേ അല്ല ഇതെങ്കിലും
''നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നില്‍ക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന
മുന്‍ പരിചയങ്ങളാണല്ലേ..?
അരച! നിന്നോര്‍മ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?''
പ്രതി നായകന്‍ ഒരു ബിംബമാണ്,എന്നെ സംബന്ധിച്ചിടത്തോളം അത് അവനാണ് ,അവന്‍ ഒരു കലാകാരനാണ് നാട്യ ശാസ്ത്രം അറിയുന്നവന്‍ പലര്‍ക്കും അവന്‍ നായകനായിരിക്കും,ദേഷ്യവും സങ്കടവും മനസിനെ ഉണര്‍ത്തുന്നു ,അവന്‍ ആരായാലെന്ത് ,നോട്ടം കൊണ്ട് കുണ്ടലിനിയില്‍ സഹസ്രാര പത്മം വിരിയിക്കാന്‍ അവനാര് ‍,ഞാന്‍ നൃത്തം പഠിച്ചിട്ടില്ല,സംഗീതവും പക്ഷെ എന്ന് വെച്ച എനിക്കൊരു പെണ്ണിനെ സ്നേഹിച്ചു കൂടെ,അതെ നിമിഷം ആത്മ വിശ്വാസം തകര്ന്നടിയുകയാണ്,പെണ്ണിന്റെ മനസ്സ് എങ്ങോട്ടും ചായാം അതവളുടെ അല്ല അവളുടെ പ്രായത്തിന്റെ കുഴപ്പമാണ്,ഒരുമിച്ചു പഠിക്കുന്നവര്‍ സുഹൃത്തുകള്‍ അത്ര മാത്രമേ ഉള്ളു എങ്കില്‍,അങ്ങനെ സമാധാനിച്ചു കിടക്കുമ്പോള്‍ കരിമ്പിന്‍ കാടിന്റെ മറവു പറ്റി നീങ്ങുന്ന വിനോദ് ഗാംഗുലിയെ പറ്റിയുള്ള ഓര്‍മ്മ വീണ്ടും എന്റെ ഉറക്കം കവര്‍ന്നു തുടങ്ങി .ഒരു ചാക്കാലയുടെ ഓര്‍മ്മയാണ് അയാള്‍ എനിക്ക് ,അച്ഛന്‍ കോവിലാറിന്റെ ചുഴികള്‍ അവനെക്കാള്‍ നന്നായി എനിക്കറിയാം,അതെനിക്കറിയാം എന്ന് അവനും അറിയാം,വലം കൈയില്‍ ജപിച്ചു കെട്ടിയ കറുത്ത ചരട് അറുവലകളില്‍ നിന്നും അവനെ കാക്കുമെന്നവന്‍ വിശ്വസിക്കുന്നു ,ചാത്തന്‍മാരാണ് ചുറ്റിലും,ചില്ലുടക്കുന്ന ചാത്തനേറുകള്‍ വരും,ആളെ നോക്കി സമയം കളയണ്ട എല്ലാം ഒരു മായയാണെന്ന് കരുതുക ,ഒരു കാര്യമുണ്ടെങ്കില്‍ കാരണവും കാണും,മഴ കനക്കുകയാണ് കണ്ണുകള്‍ പതിയെ അടയുന്നു ,സ്വപ്നങ്ങളില്‍ അവള്‍ മാത്രം പൊന്നിന്‍ കൊടിമര മുകളില്‍ ശബളിത സന്ന്വോജ്വലമൊരു കൊടിപാറും പോലെ

4

ശബരി എക്സ്പ്രസ്സ്‌ പേരില്‍ പോലും ഒരു ശരണം വിളിയുടെ പവിത്രത നിറക്കുന്ന തീവണ്ടി,ഹൈദരാബാദ് മലയാളിയുടെ ജീവ ശ്വാസം,തെലന്ഗാന സമരങ്ങളുടെ തീച്ചൂളയില്‍ വേവുന്ന കലാലയത്തില്‍ വീണു കിട്ടുന്ന അവധി ദിവസങ്ങളെ ആഘോഷമാക്കി മാറ്റി സുഹൃത്തുക്കളോട് വീണ്ടും കാണാം എന്ന് ഉറപ്പു പറഞ്ഞു കൊണ്ട് നടത്തുന്ന യാത്രകള്‍.കേട്ടു കേള്‍വി പോലെയല്ല കാര്യങ്ങള്‍ നിഗൂഡം ആണ് ശബരി,മലയാളി യുവത്വത്തിന്റെ പേക്കൂത്തുകള്‍ കാണണമെങ്കില്‍ ശബരി മല നട അടക്കുന്ന കാലങ്ങളില്‍ ശബരിയില്‍ കയറുക , ഇല്ല ഞാന്‍ ഒന്നും വിട്ടു പറയുന്നില്ല,കുടുംബ സമേതം കയറുന്നവര്‍ നീട്ടി ഒരു ശരണം വിളിക്കാന്‍ മറക്കണ്ട,വാളയാര്‍ ചുരം കടന്നാല്‍ എല്ലാം ശാന്തം ഒരു പരിധി വരെയെങ്കിലും,നല്ലവരായ എന്റെ ഇരട്ട നഗര സുഹൃത്തുക്കളെ നിങ്ങളെ പറ്റിയല്ല ഞാന്‍ പറയുന്നത്,തലയില്‍ ഭൂഗോളം കറങ്ങുന്ന ഒരു ചെറിയ ശതമാനത്തെ പറ്റി,എന്നെ പോലെ,അങ്ങനെ ഒരു യാത്ര എത്തിച്ചതാണ് എന്നെ ഇവിടെ ഈ നാരക ചോട്ടില്‍,കുടിച്ചിറക്കിയ പന്നപ്പത്തിന്റെ പുളിച്ചു തികട്ടല്‍ അസഹ്യമായപ്പോഴാണ് ,ഒരുത്തന്‍ നാരകത്തിനു മുകളില്‍ വലിഞ്ഞു കയറിയത്,വെറും നാരകമല്ല ആറ്റു വക്കിലെ കമ്പിളി നാരകം,ആറ്റു വെള്ളം പോലെ ഒഴുകി പരന്ന കൂരിരുട്ടില്‍ അര്‍ദ്ധ ചന്ദ്രന്റെ അരണ്ട വെളിച്ചം,വെടിച്ചില്ല് പോലെയാണ് മുകളിലേക്ക് കയറി പോയവന്‍ കീഴോട്ട് പതിച്ചത് ,നാരകമുകളില്‍ ഒരു അരൂപി എന്നലറിയത് പുളി മൂട്ടില്‍ കുട്ടന്‍,ഒരു മണല്‍ വാരല്‍ തൊഴിലാളി ഉണ്ടായിരുന്നു,മണല്‍ വാരിക്കൊണ്ടിരുന്നപ്പോള്‍ മുങ്ങിപ്പോയി,ശവം കൈപ്പട്ടൂര്‍ പാലത്തിന്റെ കീഴില്‍ പ്രതീക്ഷിച്ചുവെങ്കിലും കിട്ടിയത് പന്തളം അമ്പലത്തിന്റെ അടുത്തെവിടെയോ നിന്ന്,ആര് ഒറ്റ കൈയില്‍ കഞ്ചാവ് ബീഡിയും കത്തിച്ചു വലിച്ച്,പ്രളയത്തില്‍ കൂലം കുത്തി ഒഴുകുന്ന അച്ഛന്‍ കോവിലാറിന്റെ വിരി മാറ് പിളര്‍ന്ന്, അക്കരെ ഇക്കരെ നീന്തി തുടിച്ച ആളാണെന്നോര്ക്കണം.ചാവൂട്ടും അടിയന്തിരവും നടത്താതെ മണ്ണോടു ചേര്‍ന്ന ഭൌതിക ദേഹത്തിലെ ആവാസ സ്ഥാനം നഷ്ടപ്പെട്ട അറുവലയാണോ നാരക മുകളില്‍ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍, കഴിഞ്ഞ രാത്രിയില്‍ എനിക്ക് വഴി കാട്ടിയായി നടന്ന കറുത്ത കാട്ടു പട്ടി ഓരിയിടാന്‍ തുടങ്ങി,അത്ര ദൂരത്തിലല്ലാതെ മിനുങ്ങുന്ന അതിന്റെ കൂര്‍ത്ത കണ്ണുകള്‍ ഞാന്‍ കാണുന്നു ,നാരക മുകളില്‍ നിന്നും ആരോ അടര്‍ത്തി ഇട്ടതു പോലെ ഒരു കമ്പിളി നാരങ്ങ കീഴോട്ട് ഊക്കോടെ പതിച്ച് നാലായി പിളര്‍ന്ന് ഞങ്ങള്‍ നാല് പേരുടെയും കാല്‍ ചുവട്ടില്‍ തെറിച്ചു വീണു ,നാല് വഴിക്കായിരുന്നു ഓടിയത് അലര്‍ച്ചയോടെ അച്ഛന്‍ കോവിലാര്‍ നീന്തി കടന്നപ്പോഴാണ് വീട് അക്കരെയാണ് എന്ന സത്യത്തോട് മനസ്സ് പൊരുത്തപ്പെട്ടു തുടങ്ങിയത്,നല്ല തണുപ്പ്,ചുറ്റി വളഞ്ഞു പാലം വഴി വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് കുറ്റിക്കാടുകളില്‍ മിന്നിക്കെടുന്ന മിന്നാമിനുങ്ങുകള്‍,ഒപ്പം ഒരു കവിതയിലെ വരികളും ''കുന്നു കുനെ മിന്നിക്കെടുന്ന മിന്നാ മിനുങ്ങു തിരികളുമായി അലയും കാണാ കാനന കന്യകള്‍ അന്വേഷിക്കുവതാരെ''

5

ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ചില സത്യങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ''അന്തക്കരണം പിടിച്ച ഇടപാടാണല്ലോ അയ്യപ്പ'' എന്ന വാചകത്തില്‍ ഒതുക്കാന്‍ കഴിയുന്ന ചില കൌതുകങ്ങള്‍ മാത്രം.അവളോടുള്ള എന്റെ പ്രണയം പോലെ,ഒരു പാടിഷ്ടമാണ് അവളെ, തുറന്നു പറഞ്ഞിട്ടുമുണ്ട്.പൌരുഷവും കാട്ടി മസിലും പിടിച്ചു നടന്നാല്‍ വീഴുമായിരുന്നു പെണ്‍കുട്ടികള്‍ പണ്ട്.ഇപ്പോഴും ഉണ്ട്,പക്ഷെ അവള്‍.ഭരതമുനി പറഞ്ഞതോന്നുമിപ്പോള്‍ പലരും ഓര്‍ക്കാറില്ല,യുവജനോത്സവ വേദികള്‍ ഭാവിയില്‍ സാശ്രയ വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹത്തിലേക്കുള്ള കുറക്കു വഴിയാണ് പലര്‍ക്കും.ഇതൊന്നുമല്ലാത്ത ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു പണ്ട്,ഇപ്പോഴും ഉണ്ട് ,പക്ഷെ അവന്‍,അവന്‍ ഒരു താരമാണ്,കലോത്സവ വേദികളെ മാത്രമല്ല മനസുകളെയും വശീകരിക്കും നൃത്തം,അവളുടെ മനസ്സും പതറി പോയിട്ടുണ്ടാകുമോ ഇതെഴുതുമ്പോഴും അതെനിക്കറിയില്ല. അവളോടുള്ള എന്റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം ഞാന്‍ നഷ്ടപ്പെടുത്തിയില്ല . പക്ഷെ മറുപടിയില്‍ ഒരു വ്യക്തത ഉണ്ടായിരുന്നില്ല,അവളെ പോലെ .അവനായിരിക്കുമോ അതിനു കാരണം,അവന്റെ രൂപത്തില്‍ ജനിച്ച മണ്ണില്‍ ആട്ടക്കലാശമാടാന്‍ കത്തി വേഷം ധരിച്ച വിധി കാത്തിരുന്നത് പ്രതി നായക വേഷം പൂണ്ട്.അവന്റെ ബന്ധുവായ എന്റെ കൂട്ടുകാരന്‍ പറയാറുണ്ട്‌ ഇടയ്ക്കിടെ,''അളിയാ നീ ഉടഞ്ഞ കരി വളകളും മഞ്ചാടി മണികളും നെഞ്ചോടടുക്കി കാത്തിരുന്നോ ,അവളെ ആണുങ്ങള് കൊണ്ട് പോകും'',അവളെ അടുത്ത് കാണുമ്പോള്‍ ഹൃദയത്തില്‍ ഉണ്ടാകുന്ന കമ്പനത്തിന്റെ തീവ്രത,എന്റെ ഹൃദയം എനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നു ഉറക്കം വരാത്ത രാവുകളില്‍ മന്ത്രിക്കുന്ന മനസ്സ്.അവനു വേറെ എത്രയോ പെണ്‍ കുട്ടികളെ കിട്ടും എനിക്ക് അവളെ മാത്രം മതി.അതിനേതു തപമാണ് ഞാന്‍ ചെയ്യേണ്ടത്,''ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം''ഗംഗ,ടേപ് റെകോഡറില്‍ ഉയരുന്നത് മധുസൂധനന്‍ നായരുടെ കവിത ,ഗംഗ.

6

''കര്‍ക്കിടകം,കാലില്‍ തറക്കുന്ന ചെറിയ മുള്ള് പോലും വിഷമാണ് കുഞ്ഞേ''പറയുന്നത് ചായക്കട നടത്തുന്ന ചേച്ചിയാണ്.ഞങ്ങള്‍ ഇച്ചേയി എന്ന് വിളിക്കുന്ന പുളി മൂട്ടില്‍ കുട്ടന്റെ അമ്മ,ഇച്ചേയിയുടെ കടയിലിരുന്നു രാത്രിയില്‍ പെയ്യുന്ന മഴയുടെ തണുപ്പില്‍ ചൂട് ദോശ തിന്നുകയാണ് ഞാന്‍,ഇച്ചേയി കര്‍ക്കടകത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മകളുടെ മുഖത്തേക്ക് ഒന്ന് നോക്കിയോ?അത് ശ്രദ്ധിക്കാതെ ഞാന്‍ ഇച്ചേയി പറഞ്ഞ കര്‍ക്കിടകാതെ പറ്റി ആലോചിക്കുകയായിരുന്നു,അരണ്ട പെട്രോള്‍ മാക്സിന്റെ വെട്ടത്തില്‍.പിന്നെയും രണ്ടു ദിവസങ്ങള്‍ കര്‍ക്കിടക മഴ കവര്‍ന്നു.മഴ തോര്‍ന്നു നിന്ന മൂന്നാം ദിവസത്തിലെ ചെറു ചൂടുള്ള ഒരു ഉച്ച നേരത്താണ്,ഇച്ചേയിയുടെ മകള്‍ ശ്യാമയെയും വിനോദ് ഗാംഗുലിയെയും നഗരത്തിലെ ലോഡ്ജില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്യുന്നത്.അനാശാസ്യം,ചിലര്‍ ആശ്വാസത്തിനായി ചെയ്യുന്നതാണ് ,മറ്റു ചിലര്‍ക്ക് അനാശാസ്യം.അതോടെ പുളി മൂട്ടില്‍ കുട്ടന്‍ വീടിനു പുറത്തിറങ്ങുന്നത് കഞ്ചാവിന്റെ ലഹരി തേടി മാത്രമായി,വഴി പിഴച്ചു പോയ മക്കളെ ഓര്‍ത്തു ഇച്ചേയി കുറെ നാള്‍ നിര്‍ത്താതെ കരഞ്ഞു.പിന്നെ ഒരു നാള്‍ ചായക്കടയിലിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു.ആളിപ്പടരുന്ന തീജ്വാലകളാണ് ചുറ്റിലും,ചായക്കടയുടെ കഴുക്കോല് പോലും കത്തിപ്പോയി.അതോടെ പൂര്‍ണ്ണം എല്ലാം ശൂന്യം.ശൂന്യം പൂര്‍ണ്ണമെന്ന് പറഞ്ഞ ജ്വാലാ സമേതന്‍ എന്ന സുഹൃത്തിനെ ഓര്‍ത്തു പോകുന്നു.അതോടെ ഒരു ചാക്കാലയുടെ ഓര്മ ഉണര്‍ത്തുന്ന വിനോദ് ഗാംഗുലി വെറുക്കപ്പെട്ടവനായി.അതാണ്‌ കാലില്‍ തറക്കുന്ന വാടിയ തൊട്ടാവാടി മുള്ളില്‍ പോലും വിഷമൊളിപ്പിക്കുന്ന കര്‍ക്കിടകം തിരുനെറ്റിയിലേല്‍പ്പിച്ച കരിനാഗ ദംശനം.

[തുടരും]

വേദാന്തം

Bookmark and Share

ഒന്ന്
ഉച്ചക്ക് കഴിക്കാനുള്ള പൊതി ചോറ് എടുക്കാതെ പോയ മകള്‍ക്ക് ,അവള്‍ക്കു പോകാനുള്ള ബസ് വരുന്നതിനു മുന്പ് അത്  കൊണ്ട് പോയി കൊടുക്കാനായി ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുമ്പോള്‍ അയാള്‍ സ്നേഹ സമ്പന്നനായ ഒരു അച്ഛന്‍ ആയിരുന്നു .പെട്ടെന്നാണ് കരിങ്കൊടി കെട്ടിയ ഒരു കാര്‍ അയാളുടെ അരികിലെത്തി നിന്നത്.കാറിനുള്ളില്‍ നിന്നും ഒരു തല വെളിയിലേക്ക് നീണ്ടു.''സഖാവെ ,അറിഞ്ഞില്ലേ നമ്മുടെ പ്രവര്‍ത്തകനായ പുലി മൂട്ടില്‍ കുട്ടനെ ലവന്മാര്‍ വീട്ടില്‍ കയറി വെട്ടി,ഞങ്ങള്‍ അവനെ കാണാന്‍ ആശുപത്രിയിലേക്ക് പോവുകയാ സഖാവും കയറിക്കോ ,മകള്‍ക്കായി കൊണ്ട് വന്ന പൊതി ചോറ് കാറിന്റെ ബാക്ക് സീറ്റിനു പിറകിലെക്കിട്ടു കൊണ്ട് അയാളും അവര്‍ക്കൊപ്പം കയറി.വെട്ടേറ്റ പ്രവര്‍ത്തകന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു.ആശുപത്രി പരിസരം വൈകാതെ ഒരു യോഗ സ്ഥലമായി മാറി,പ്രതിഷേധം എങ്ങനെ വേണമെന്നതാണ് ചര്‍ച്ചാ വിഷയം ,ഹര്‍ത്താല്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് അയാള്‍ ആണ്,അതിന്‍റെ നടത്തിപ്പ് ചുമതലയും അയാള്‍ തന്നെ ഏറ്റെടുത്തു .

രണ്ടു
ആവശ്യത്തിനു കള്ളു വാങ്ങി മോന്തിയ ശേഷം കള്ളു ഷാപ്പ് അടപ്പിച്ചു കൊണ്ടാണ് അവര്‍ തുടങ്ങിയത്,മുദ്രാ വാക്യം വിളിച്ചും ,കല്ലെറിഞ്ഞും ,കടകള്‍ അടപ്പിച്ചും ,ഗതാഗതം സ്തംഭിപ്പിച്ചും,ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള തീവ്ര ശ്രമമായി പിന്നീട് ,എതിര്‍ത്തവരുടെ കരണ കുറ്റി പുകച്ചും, കണ്ണ് തല്ലി പൊട്ടിച്ചും ,അവര്‍ ഒടുവില്‍ ഹര്‍ത്താല്‍ ഒരു സമ്പൂര്‍ണ്ണ വിജയം ആക്കുക തന്നെ ചെയ്തു .അയാള്‍ എല്ലാത്തിന്റെയും മുന്‍ നിരയില്‍ ഉണ്ടായിരുന്നു .രാവിലെ ഷാപ്പില്‍ നിന്നും മോന്തിയ പന്നപ്പത്തിന്റെ കേട്ട് വിട്ടപ്പോള്‍ ഏകദേശം പാതിരാവായി കഴിഞ്ഞിരുന്നു.ഹര്‍ത്താല്‍ വിജയിച്ച സന്തോഷത്തില്‍ ,ഹര്‍ത്താല്‍ ലഹരിയില്‍ മത്തു പിടിച്ചുരങ്ങുന്ന നാടിന്‍റെ അവസ്ഥ കണ്ടു ചിരിച്ചു കൊണ്ട് ,കരിങ്കൊടി കെട്ടിയ കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാള്‍ സംതൃപ്തനായ പാര്‍ടി പ്രവര്‍ത്തകനായിരുന്നു .

മൂന്ന്
വീട്ടില്‍ അയാളെ കാത്തിരുന്നത് പരിഭ്രമത്താല്‍ വിളറിയ ഭാര്യയുടെ മുഖമാണ് ,''എന്താടീ എന്ത് പറ്റി''.''നിങ്ങള്‍ രാവിലെ മുതല്‍ ഏത് നരകത്തിലായിരുന്നു മനുഷ്യാ,ഈ വീട്ടില്‍ നടക്കുന്നത് വല്ലതും നിങ്ങള്‍ക്കറിയാമോ ,നമ്മുടെ മകള്‍ ഇത് വരെ തിരികെ വന്നിട്ടില്ല ,ഹര്‍ത്താല്‍ ആണെന്നോ അടിപിടി ആണെന്നോ ഒക്കെ എല്ലാവരും പറയുന്നു ,എന്‍റെ പോന്നു മോള്‍ എവിടെയാണോ എന്‍റെ ദൈവങ്ങളെ ഭാര്യയുടെ അലറി കരച്ചില്‍ അയാളുടെ കാതില്‍ വീണു ,ഇന്ന് ഞങ്ങള്‍ ഹര്‍ത്താല്‍ --അയാള്‍ അര്‍ധോക്തിയില്‍ നിര്‍ത്തി ,ബോധോദയം ഒരു വെളിപാട് പോലെ അയാള്‍ക്ക് അപ്പോളാണ് ഉണ്ടായത് .കരിങ്കൊടി കെട്ടിയ കാറില്‍ മകളെ തിരഞ്ഞ്‌ ഇരുളിന്റെ വിരി മാറിലേക്കിറങ്ങുമ്പോള്‍,അവളുടെ പേടിച്ചരണ്ട മാന്‍പേട മിഴികള്‍ അയാളുടെ ഉള്ളില്‍ തീ വാരി നിറച്ചു കൊണ്ടിരുന്നു.അപ്പോഴേക്കും കാറിന്റെ പിറകില്‍ ഉപേക്ഷിക്കപ്പെട്ട പൊതിച്ചോറില്‍ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു .

short story by,Baiju R Nair

രാച്ചെന്നായകള്‍

Bookmark and Share
അസ്ഥി തറകളില്‍ അന്തി വിളക്കില്‍ 
കരിന്തിരി പുകയുമ്പോള്‍
ഒട്ടിയ വയറിന്‍ തീക്ഷ്ണതയില്‍ ചിലര്‍
തളര്‍ന്നു വീഴുമ്പോള്‍
സുഖലോലുപ മൃദു ശയ്യകളിലവര്‍
അമര്‍ന്നിരിക്കുന്നു
തിമിരാവേശിത ചേരും പടികള്‍
കൃത്യത പകരുന്നു

പണ്ടൊരു യുവ തേജസ്വി പറഞ്ഞു
ഭ്രാന്താലയമിവിടം
അതിന്‍റെ മാറ്റൊലി കര്‍ണ്ണപടത്തില്‍
മുറിവേല്‍പ്പിക്കുന്നു
കുമിഞ്ഞു പൊന്തും കറുത്ത പുകയില്‍
മറയുവതാരാണാവോ
ചോര ചുമച്ചും ലഹരി ശ്വസിക്കും
യൌവന താരകമത്രേ
പൊരുളറിയാതെ പതറി പണ്ടേ
എത്തിയതാണീ വഴിയില്‍
ചാവ് മണക്കും ചുടലക്കാട്ടില്‍
പിന്‍വിളി കേട്ടീടാതെ

അവരെ ചായക്കൂട്ടുകള്‍ കാട്ടി
വിളിച്ചതാരാണാവോ
തുടുത്ത രക്തം ദൂരെ മണത്ത
വിശന്ന ചെന്നായ് കൂട്ടം
പുല്‍മേടുകളില്‍ തുടിച്ചു നീങ്ങും
പശു കിടാവിന്‍റെ
കഴുത്തു വെട്ടിയ മാംസം പലതായ്
അരിഞ്ഞു തിന്നുന്നോര്‍
പാതി വിരിഞ്ഞ പൂമൊട്ടുകളെ
ഇറുത്തെടുക്കുന്നോര്‍
രാത്രിയിരുട്ടില്‍ കൊലുസിന്‍ കൊഞ്ചല്‍
പ്രതീക്ഷ കൊള്ളുന്നോര്‍

കാറ്റു പിടിച്ചോരരണ്ട വഴിയില്‍
വരുന്നതാരാണാവോ
ആര്‍ത്തി മൂത്തൊരു ചെന്നായ് കൂട്ടം
മറഞ്ഞിരിക്കുന്നു
ഉറഞ്ഞ പാപ കടലുകള്‍ താണ്ടി
പുലരി വിടര്‍ന്നാലും
മോഹത്താഴാല്‍ കിളിവാതിലുകള്‍
ബന്ധിതമാണിവിടെ
ചിന്തയില്‍ വിരിയും ചന്ദനപുഷ്പം
പൊഴിയുകയാണെന്നോ
പൈശാചികമൊരു സത്വം,സത്യം
വിളിച്ചു കൂവുന്നു

a poem by,Baiju R Nair

Tuesday, September 14, 2010

ജാതക ദോഷം

Bookmark and Share
ഉടഞ്ഞ വിഗ്രഹങ്ങള്‍ ,ഉറഞ്ഞ
യാഥാര്‍ത്ഥ്യങ്ങള്‍
വിഷലിപ്തമാം ലിപികള്‍ ആവേശിച്ച
ഭൂതകാലം
ശരീരത്തില്‍ കൊളുത്തുകള്‍ കൊരുക്കും
ഗരുഡന്‍ തൂക്കം
ചീന്തും ചോരയില്‍ അഭിക്ഷിപ്തമാം
യൌവന കാല്പനികത
ചുടലയില്‍ തലയോട്ടി ചിതറുന്ന
ഉപമകള്‍
ചാവ് മണം തേടുന്ന
നിശാ നടനങ്ങള്‍
നിന്ദ, നിശ്വാസം പൊഴിക്കും
രക്ത ബന്ധങ്ങള്‍
കല്‍ക്കണ്ട പാടങ്ങളിന്നെന്‍ പ്രതീക്ഷ
ഇന്നലകളെ പോല്‍


[a poem by,BAIJU R NAIR.]

നിയോഗം

Bookmark and Share

തമാസ നദിയുടെ തീരത്ത്
വന്യ വനാന്തര പുളിനത്
യന്ഞ പുകപരത്തും പര്‍ണ്ണ-
ശാല പേരോ കണ്വാശ്രമം
യാഗ മന്ത്ര ആലാപത്താല്‍ വിലാസ-
മായ ഗാന ജപത്താല്‍
സനാതന നന്മ പുലരും അവിടെ-
യൊരിക്കല്‍ ഉയര്‍ന്നു രോദന ശബ്ദം
മഹാ മുനിവര്യന്‍ പാഞ്ഞു നദീ-
തീരത്തേയ്ക്ക് എന്തെന്നറിയാന്‍
അരയന്നങ്ങള്‍ കൂട്ടം കുടുന്നുണ്ടവിടെ-
അതാ ഒരു ചോരകുഞ്ഞ്
കുഞ്ഞുച്ചതില്‍ കരയുന്നുണ്ടാ-
കരച്ചില്‍ ചിരിയാക്കീടന്‍
പടുപെടുന്നുണ്ടായിരമായിരം
കിളികലെയവിടെ കാണാം
കണ്വ മഹര്‍ഷി കൈകളിലേന്തി -
യവളൊരു മരതക രത്നമത്രേ
ശകുന്തങ്ങള്‍ പരിച്ചരിക്കയലോതീ
നാമം "ശകുന്തള" കുഞ്ഞിന്‍ കാതില്‍.
[സമര്‍പ്പണം :കാളിദാസന് ]
poem by,Baiju R Nair

പാറ്റൂര്‍ ദേവസേന

Bookmark and Share
ആരൂഡം പൊത്തിയ
പടിപ്പുരയ്ക്കപ്പുറം
അരൂപികള്‍ വാഴുന്ന
പതിനാറു കെട്ട്.

തറവാട്ട്‌ കെട്ടിന്റെ

തെക്കേ തലയ്ക്കലായ്
പാലകള്‍ പൂത്തൊരു
യക്ഷിക്കാവ് .

കാവിന്‍റെയുള്ളില്‍

ചികഞ്ഞു ചെന്നാല്‍
കാല്പെരു മാറ്റങ്ങള്‍
ചിലതു കേള്‍ക്കാം.

ഇഴയുന്ന നാഗത്തിന്‍

സീല്‍ക്കാരവും,
ചിലങ്കകളിലുതിരുന്ന
ചിന്ച്ചില്ല നാദവും,

ആരോ തംബുരു

മീട്ടാതെ പാടുന്നതും
അടുത്തെങ്ങോ
കുറുനരി കൂവുന്നതും.

ഇരുട്ടില്‍ കൂമന്‍

മുരളുന്നതും
കാട്ടുമൂങ്ങാ,മൂളാന്‍
തുടങ്ങുന്നതും.

വവ്വാല്‍ കൂട്ടങ്ങള്‍

അലയുന്ന കാഴ്ചയും
ഇടിമിന്നല്‍ ഇടയ്ക്കിടെ
നടുക്കുന്നതും.

പാഴായ ഹോമത്തിന്‍

അവശിഷ്ട വസ്തുവായ്‌
യജ്ഞ  ചാര്‍ത്തുകള്‍
ചിതറിപടര്‍ന്നതും.
 
വിണ്ടു കീറിയ
തലയോടിന്‍ പറ്റവും,
ചോര ശേഷിക്കാ
കബന്ധങ്ങളും.

നാഗ തറയില്‍

കാറ്റാഞ്ഞു വീശുന്നതും,
കാറ്റില്‍ കാവാടി
ഉലയുന്നതും

നിലം തൊടാതലയുന്ന

പാദങ്ങളും 
തലയ്ക്കു മുകളിലായ്
പാറുന്ന തീനാളവും.

പാടുന്നു ഞാനൊരു

പഴംകഥ പിന്നെയും
ഓര്‍മ്മകള്‍
ഉണ്ടായിരിക്കാന്‍.

ഇതാണ് കഥയിലെ

ശവപറമ്പ്
ഇവിടെ വാഴുന്നു

പാറ്റൂര്‍ ദേവസേന.

a poem by,
     Baiju R Nair.
[സമര്‍പ്പണം:-എന്‍റെ സ്വപ്നമായ''കുങ്കുമാര്‍ച്ചന ''എന്ന കഥയുടെ ആമുഖത്തിനായി]