സഹയാത്രികര്‍ [followers]

Friday, September 17, 2010

രാച്ചെന്നായകള്‍

Bookmark and Share
അസ്ഥി തറകളില്‍ അന്തി വിളക്കില്‍ 
കരിന്തിരി പുകയുമ്പോള്‍
ഒട്ടിയ വയറിന്‍ തീക്ഷ്ണതയില്‍ ചിലര്‍
തളര്‍ന്നു വീഴുമ്പോള്‍
സുഖലോലുപ മൃദു ശയ്യകളിലവര്‍
അമര്‍ന്നിരിക്കുന്നു
തിമിരാവേശിത ചേരും പടികള്‍
കൃത്യത പകരുന്നു

പണ്ടൊരു യുവ തേജസ്വി പറഞ്ഞു
ഭ്രാന്താലയമിവിടം
അതിന്‍റെ മാറ്റൊലി കര്‍ണ്ണപടത്തില്‍
മുറിവേല്‍പ്പിക്കുന്നു
കുമിഞ്ഞു പൊന്തും കറുത്ത പുകയില്‍
മറയുവതാരാണാവോ
ചോര ചുമച്ചും ലഹരി ശ്വസിക്കും
യൌവന താരകമത്രേ
പൊരുളറിയാതെ പതറി പണ്ടേ
എത്തിയതാണീ വഴിയില്‍
ചാവ് മണക്കും ചുടലക്കാട്ടില്‍
പിന്‍വിളി കേട്ടീടാതെ

അവരെ ചായക്കൂട്ടുകള്‍ കാട്ടി
വിളിച്ചതാരാണാവോ
തുടുത്ത രക്തം ദൂരെ മണത്ത
വിശന്ന ചെന്നായ് കൂട്ടം
പുല്‍മേടുകളില്‍ തുടിച്ചു നീങ്ങും
പശു കിടാവിന്‍റെ
കഴുത്തു വെട്ടിയ മാംസം പലതായ്
അരിഞ്ഞു തിന്നുന്നോര്‍
പാതി വിരിഞ്ഞ പൂമൊട്ടുകളെ
ഇറുത്തെടുക്കുന്നോര്‍
രാത്രിയിരുട്ടില്‍ കൊലുസിന്‍ കൊഞ്ചല്‍
പ്രതീക്ഷ കൊള്ളുന്നോര്‍

കാറ്റു പിടിച്ചോരരണ്ട വഴിയില്‍
വരുന്നതാരാണാവോ
ആര്‍ത്തി മൂത്തൊരു ചെന്നായ് കൂട്ടം
മറഞ്ഞിരിക്കുന്നു
ഉറഞ്ഞ പാപ കടലുകള്‍ താണ്ടി
പുലരി വിടര്‍ന്നാലും
മോഹത്താഴാല്‍ കിളിവാതിലുകള്‍
ബന്ധിതമാണിവിടെ
ചിന്തയില്‍ വിരിയും ചന്ദനപുഷ്പം
പൊഴിയുകയാണെന്നോ
പൈശാചികമൊരു സത്വം,സത്യം
വിളിച്ചു കൂവുന്നു

a poem by,Baiju R Nair

1 comment: